ഡിഎംകെയെ താഴെ ഇറക്കിയിട്ടെ ഇനി ചെരുപ്പ് ഇടുകയൊള്ളൂ; ശപഥവുമായി അണ്ണാമലൈ
Thursday, December 26, 2024 6:50 PM IST
ചെന്നൈ: ഡിഎംകെ ഭരണം അവസാനിപ്പിക്കും വരെ ചെരിപ്പിടില്ലെന്ന പ്രഖ്യാപനവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ശപഥത്തിന്റെ ഭാഗമായി വാർത്താ സമ്മേളനത്തിനിടയിൽ അണ്ണാമലൈ തന്റെ ചെരുപ്പുകൾ ഊരിമാറ്റി.
നാളെ മുതൽ നാൽപ്പത്തിയെട്ട് മണിക്കൂർ വൃതമെടുക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിനി പീഡനത്തിന് ഇരയായ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ പത്തിന് തന്റെ വീടിന് മുന്നിൽ ചാട്ടവാറടി നടത്തുമെന്ന് അണ്ണാമലൈ കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ആൾ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും അണ്ണാമലൈ പുറത്തുവിട്ടു.
കേസിലെ ഇരയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് സംസ്ഥാന പോലീസിനെ രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില ഡിഎംകെ സർക്കാർ തകർത്തെന്നും അണ്ണാമലൈ പറഞ്ഞു.