എംടിക്ക് കണ്ണീർപ്രണാമം; മഹാപ്രതിഭയെ അഗ്നി ഏറ്റുവാങ്ങി
Thursday, December 26, 2024 5:30 PM IST
കോഴിക്കോട്: മഹാ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് മാവൂർ റോഡിലെ സ്മൃതിപഥത്തിൽ സംസ്കരിച്ചു. സഹോദരന്റെ മകൻ ടി.സതീശൻ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു.
തൂലികകൊണ്ട് വിസ്മയം തീർത്ത കഥാകാരനെ ഒരു നോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വീട്ടിലും ശ്മാശാനത്തിലും എത്തിയത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, എ.എ.റഹിം എംപി, എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, ടി.സിദ്ദീഖ്, കോഴിക്കോട് മേയർ ബീനാ ഫിലിപ് തുടങ്ങിയ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
വ്യാഴാഴ്ച വൈകുന്നേരം 4.15ഓടെ എംടി അവസാനമായി സിതാരയുടെ പടിയിറങ്ങി. തുടർന്ന് കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വഴിയാണ് വിലാപയാത്ര മാവൂർ റോഡിലെ പൊതുശ്മശാനത്തിലെത്തിയത്. പ്രിയസാഹിത്യകാരനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വഴിനീളെ ആളുകൾ കാത്തുനിന്നിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു എംടിയുടെ അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.