ജാതി സെൻസസ് പരാമർശം: രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് ബറേലി ജില്ലാ കോടതി
Sunday, December 22, 2024 2:29 PM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ജാതി സെൻസസ് പരാമർശത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് യുപിയിലെ ബറേലി ജില്ലാ കോടതി. ജനുവരി ഏഴിന് കോടതിയിൽ ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്.
ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയെത്തിയാല് രാജ്യത്ത് സാമ്പത്തിക സാമൂഹിക സര്‍വേ നടത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ആഭ്യന്തര യുദ്ധത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി പങ്കജ് പതക് എന്നയാൾ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. ജാതി സെൻസസ് സംബന്ധിച്ച രാഹുലിന്റെ പ്രസ്താവനകൾ രാജ്യത്തെ വിഭജിക്കാൻ ഉദ്ദേശമിട്ടുള്ളവയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഹൈദരാബാദിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുലിന്റെ പരാമർശം. പട്ടികജാതി- പട്ടികവർഗക്കാർ, മറ്റു ന്യൂനപക്ഷങ്ങൾ എന്നിവരുടെ കൃത്യമായ ജനസംഖ്യയും പദവിയും അറിയാൻ ഞങ്ങൾ ആദ്യം ജാതി സെൻസസ് നടത്തും. അതിനുശേഷം, സാമ്പത്തിക, സ്ഥാപന സർവേ ആരംഭിക്കും. തുടർന്ന്, ഇന്ത്യയിലെ സമ്പത്ത്, ജോലികൾ, മറ്റ് ക്ഷേമ പദ്ധതികൾ എന്നിവ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഈ വിഭാഗങ്ങൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ഈ പരാമർശത്തിനെതിരെ ബിജെപിയും സഖ്യകക്ഷികളും രംഗത്തെത്തിയിരുന്നു.