സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; വിജയരാഘവനെതിരെ കുഞ്ഞാലിക്കുട്ടി
Sunday, December 22, 2024 11:53 AM IST
കോഴിക്കോട്: സിപിഎം പച്ചയ്ക്ക് വർഗീയത പറയുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ പി.കെ. കുഞ്ഞാലിക്കുട്ടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിജയരാഘവന്റെ പ്രതികരണം ക്രൂരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയത പരത്തുന്നത് സിപിഎമ്മിന്റെ അടിത്തറ ഇളക്കും. സിപിഎം വര്‍ഗീയതയെ താലോലിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും സിന്ദാബാദ് വിളിക്കുകയും കേരളത്തില്‍ വന്ന് കോണ്‍ഗ്രസിനെ കുറ്റം പറയുകയും ചെയ്യുന്ന രീതിയാണ് സിപിഎം പിന്തുടരുന്നത്. സിപിഎം വര്‍ഗീയത പച്ചയ്ക്കാണ് പറയുന്നത്. ഇത് കേരളമാണ് എന്ന് ഓര്‍ക്കണമെന്നും വര്‍ഗീയത പറഞ്ഞാല്‍ നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ വോട്ടര്‍മാരെ ഉള്‍പ്പെടെ തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവന്റേതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.