കെഎസ്ആർടിസി ബസ് സ്റ്റേഷൻ ടോയ്ലറ്റുകൾ സുലഭയ്ക്ക് കൈമാറും
പ്രദീപ് ചാത്തന്നൂർ
Thursday, December 19, 2024 7:57 PM IST
ചാത്തന്നൂർ: കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ ടോയ്ലറ്റുകൾ വൃത്തിയായും ശുചിത്വത്തോടെയും പരിപാലിക്കാൻ സുലഭ എന്ന കേന്ദ്ര സർക്കാർ അംഗീകൃത എൻജിഒയ്ക്ക് കൈമാറും. ആലുവ സുൽത്താൻ ബത്തേരി, കൊട്ടാരക്കര, കരുനാഗപ്പള്ളി ബസ് സ്റ്റേഷനുകളിലെ ടോയ്ലറ്റുകൾ പരിപാലിക്കുന്നത് ഇപ്പോൾ സുലഭയാണ്. സുലഭയ്ക്ക് കൈമാറുമ്പോൾ സാമ്പത്തിക നേട്ടം കുറവായിരിക്കും.
ടോയ്ലറ്റുകൾ കരാറുകാർക്ക് ലേലം ചെയ്തു നല്കിയാൽ കൂടുതൽ തുക കെഎസ്ആർടിസിയ്ക്ക് ലഭിക്കും. ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന കരാറുകാർ വൃത്തിയായും ശുചിത്വത്തോടെയും ടോയ്ലറ്റുകൾ പരിപാലിക്കുകയില്ല.
സ്ത്രീ യാത്രക്കാർക്ക് ഇത്തരം ടോയ്ലറ്റുകൾ പേടി സ്വപ്നമാണെന്നാണ് മാനേജ്മെന്റ് പക്ഷം. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷമാണെങ്കിൽ മാത്രമേ സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബയാത്രക്കാരെ ആകർഷിക്കാൻ കഴിയുകയുള്ളു.
കേന്ദ്ര സർക്കാർ അംഗീകൃത എൻജിഒ ആയ സുലഭ ഒരു സൊസൈറ്റിയാണ്. ഇന്ത്യയിലെ 32 ലക്ഷം ടോയ്ലറ്റുകൾ ഇവർ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും വിനോദസഞ്ചാര മേഖലയിലെ സ്ഥാപനങ്ങളിൽ.
കെഎസ്ആർടിസി ടോയ്ലറ്റുകൾ 10 വർഷത്തെയ്ക്കാണ് സുലഭയെ ഏല്പിക്കുന്നത്. വൃത്തിയായി സൂക്ഷിക്കുന്നതിനാവശ്യമായ അറ്റകുറ്റപ്പണികൾ വരെ സുലഭ നടത്തും. ഭിത്തിയിൽ ഗ്രാനൈറ്റ്സും ടൈലും പതിപ്പിക്കൽ ഉൾപ്പെടെയുള്ളത് ഇവർ നിർവഹിക്കും.
ലേലം ചെയ്ത് കരാറുകാർക്ക് കൊടുക്കുന്നത് പോലെയുള്ള വരുമാനം സുലഭയിൽ നിന്നുണ്ടാകില്ല. യാത്രാ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ സുലഭയ്ക്ക് കഴിയും എന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.