സുരേഷ് ഗോപിയുടെ നടനവൈഭവമാണ് കഴിഞ്ഞ ദിവസം പാർലമെന്റിൽ കണ്ടതെന്ന് ധനമന്ത്രി
Sunday, December 15, 2024 1:20 PM IST
തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സുരേഷ് ഗോപിയുടെ നടനവൈഭവമാണ് കഴിഞ്ഞ ദിവസം പാർലമെന്റില്‍ കണ്ടതെന്നും കനിമൊഴിക്കെതിരായ ആംഗ്യം മോശമായ നടപടിയാണെന്നും ബാലഗോപാൽ പറഞ്ഞു.
കേന്ദ്രത്തിന്റേത് മുറിവിൽ മുളക് പുരട്ടുന്ന സമീപനമാണ്. കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് വയനാട് പുനരുധിവാസത്തെ ബാധിക്കില്ല.കേരളത്തിന് സഹായം ചെയ്യുന്നില്ല എന്ന് മാത്രമല്ല അപഹസിക്കുകയും ചെയ്യുകയാണ് സുരേഷ് ഗോപി.
പുരോഗമനപരവും മാതൃകാപരവുമായ രീതിയിലായിരിക്കും പുനരധിവാസമെന്നും കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് റോളില്ലാത്തതാകാം അവഗണനയ്ക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു.
തമിഴ്നാടിനെന്ന പോലെ കേരളത്തിനും അർഹമായ സഹായം നൽകുന്നില്ലെന്ന് കനിമൊഴി പറഞ്ഞപ്പോഴാണ് തൃശൂർ എംപികൂടിയായ സുരേഷ് ഗോപി ചിരിച്ചുകൊണ്ട് കൈമലർത്തിക്കാട്ടിയത്.