വിദ്വേഷപ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരേ കൊളീജിയം നടപടി
Sunday, December 15, 2024 11:57 AM IST
ന്യൂഡൽഹി: ഏകീകൃതസിവിൽ കോഡിന് അനൂകൂലമായി വിവാദപരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരേ സുപ്രീം കോടതി കൊളീജിയം നടപടിക്ക്. ചൊവ്വാഴ്ച ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം.
ഏകീകൃതസിവിൽ കോഡിന് അനൂകൂലമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ ജഡ്ജി പങ്കെടുത്ത് വലിയ വിവാദമായിരുന്നു. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്നും ഇന്ത്യ ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം തന്നെ പ്രവർത്തിക്കുമെന്നുമാണ് അദ്ദേഹം പരിപാടിയിൽ പ്രസംഗിച്ചത്.
ഹിന്ദു സംസ്കാരം മുസ്ലീം വിഭാഗത്തിലുള്ളവർ പിന്തുടരുമെന്ന് കരുതുന്നില്ല. ഹിന്ദു സംസ്കാരത്തോട് അനാദരവ് കാട്ടരുത് എന്നാണ് ആഭ്യർഥനയെന്നും ശേഖർ കുമാർ യാദവ് കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെ ജഡ്ജിയുടെ പരാമർശത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ഉൾപ്പടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി.