ക്ഷേമ പെൻഷൻ തട്ടിപ്പ്; പിഴപ്പലിശ സഹിതം തിരിച്ചുപിടിക്കും
Thursday, December 12, 2024 10:09 PM IST
തിരുവനന്തപുരം: അനർഹമായി ക്ഷേമ പെൻഷൻ കൈപറ്റിയവർക്കെതിരെ നടപടിയുമായി സംസ്ഥാന സർക്കാർ. സർക്കാരിനെ കബളിപ്പിച്ച് പെൻഷൻ വാങ്ങിയ തുക 18 ശതമാനം പിഴപ്പലിശയടക്കം തിരികെ ഈടാക്കുന്നതിന് ധനവകുപ്പ് ഉത്തരവിറക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയും സ്വീകരിക്കും.
ഇതിന് പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തിയെന്നും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഉന്നത സർക്കാർ ജോലിയുള്ളവരും ആഡംബര വാഹനങ്ങളുള്ളവരും ക്ഷേമ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു.
ഗസ്റ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 പേർ അനധികൃതമായി ക്ഷേമ പെൻഷൻ വാങ്ങുന്നതായാണ് കണ്ടെത്തിയത്. തുടർന്നാണ് സർക്കാർ വിശദമായ പരിശോധന നടത്തി പലിശയടക്കം തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്.