ശബരിമല ആരാധനയ്ക്കുള്ള സ്ഥലം; സമരവും പ്രതിഷേധവും വേണ്ട: ഡോളി സമരത്തെ വിമർശിച്ച് ഹൈക്കോടതി
Wednesday, December 4, 2024 1:36 PM IST
കൊച്ചി: ശബരിമലയിലെ ഡോളി തൊഴിലാളികളുടെ മിന്നൽ പണിമുടക്കിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശബരിമല ആരാധനയ്ക്കുള്ള സ്ഥലമാണെന്നും അവിടെ ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡോളി സമരത്തില്‍ ദേവസ്വം ബഞ്ച് വിശദീകരണം തേടിയിരുന്നു.
പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും ജസ്റ്റീസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചു. ശബരിമല തീര്ഥാടനകേന്ദ്രമാണെന്നും സമരങ്ങള്‍ ആരാധനാവകാശത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
ശബരിമലയിൽ പ്രീ പെയ്ഡ് ഡോളി സർവീസ് തുടങ്ങിയതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ 11 മണിക്കൂർ പണിമുടക്കിയിരുന്നു. തുടർന്ന്, ശബരിമല എഡിഎമ്മുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ഇതിനു പിന്നാലെയാണ് കോടതി വിമർശനമുന്നയിച്ചത്.
ഡോളി ജീവനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് തീര്‍ഥാനടകാലത്തിന് മുന്‍പ് അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ ഇത്തരത്തില്‍ സമരം ചെയ്യുകയല്ല വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഡോളി സർവീസിന് തുക നിശ്ചയിച്ചിട്ടുണ്ട്. പലരും ദിവസങ്ങളും ആഴ്ചകളുമെടുത്താണ് ശബരിമലയിൽ വരുന്നത്. ചിലർ കടം വാങ്ങിയും മറ്റും വരുന്നുണ്ട്. പ്രായമായവരും നടക്കാൻ വയ്യാത്തവരും രോഗികളുമൊക്കെ ഇങ്ങനെ വരുമ്പോൾ ഡോളി സർവീസ് കിട്ടിയില്ലെങ്കിൽ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചു.
തീര്‍ഥാടകരെ കൊണ്ടുപോകില്ലെന്ന് പറയുന്നതും ഇറക്കിവിടുന്നതും അനുവദിക്കാന്‍ ആവില്ല. തീര്‍ഥാടകര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും. ഡോളി സർവീസ് നിഷേധിക്കുന്നത് വഴി ഭക്തർക്ക് ആരാധനയ്ക്കുള്ള സ്വാതന്ത്ര്യമാണ് തടസപ്പെടുന്നത്. ഇത്തരം കാര്യങ്ങൾ ഭാവിയിൽ ആവർത്തിക്കുന്നില്ല എന്ന് ചീഫ് പോലീസ് കോ-ഓർഡിനേറ്ററും ദേവസ്വം ബോർഡും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.