സംബാലിലേക്ക് തിരിച്ച രാഹുലിനെയും സംഘത്തെയും ഗാസിപുരിൽ തടഞ്ഞ് പോലീസ്; പ്രതിഷേധം
Wednesday, December 4, 2024 11:57 AM IST
ഗാസിപുർ: സംഘർഷ പ്രദേശമായ യുപിയിലെ സംബാലിലേക്കുള്ള ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യാത്ര തടഞ്ഞ് പോലീസ്. ഡൽഹി-യുപി അതിർത്തിയായ ഗാസിപുരിൽ പോലീസ് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു. പോലീസ് വാഹനങ്ങൾ റോഡിനു കുറുകേയിട്ട് പ്രവർത്തകരെ തടയാനും ശ്രമമുണ്ടായി.
സംഘർഷത്തെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കയും ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിൽ തുടരുകയാണ്. കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്.
ബാരിക്കേഡ് മറിച്ചിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ ശ്രമിച്ചതോടെ പോലീസുമായി ഉന്തുംതള്ളുമുണ്ടായി. യുപി പിസിസി അധ്യക്ഷന്‍ അജയ് റായ് അടക്കം ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോയി. പിന്നാലെ ഡൽഹി-മീററ്റ് റോഡ് ഭാഗികമായി അടച്ചതോടെ എക്സ്പ്രസ് വേയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
രാവിലെ ഒമ്പതരയോടെയാണ് ഡൽഹിയിൽ നിന്ന് രാഹുൽ ഗാന്ധിയും സംഘവും സംബാലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിർത്തിയിൽ എത്തിയെങ്കിലും പോലീസ് ഇവരെ തടയുകയായിരുന്നു.
ആരെയും അനുമതി കൂടാതെ സംഘർഷമേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിൽ തന്നെയാണ് യുപി പോലീസ്. നേരത്തെ സംബാലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്വാദി പാർട്ടി നേതാക്കളെ പോലീസ് തടഞ്ഞിരുന്നു.