അവിശ്വാസത്തിനു കാത്തു നിന്നില്ല; പന്തളം നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു
Tuesday, December 3, 2024 6:27 PM IST
പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. ചെയർപേഴ്സൺ സുശീല സന്തോഷും ഉപാധ്യക്ഷ യു.രമ്യയുമാണ് രാജിവച്ചത്. മൂന്ന് വിമത ബിജെപി അംഗങ്ങളെ കൂട്ടുപിടിച്ച് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് രാജി.
എൽഡിഎഫിന്റെ അവിശ്വാസത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജി പ്രഖ്യാപനത്തിന് പിന്നാലെ പന്തളത്ത് എൽഡിഎഫ് പടക്കം പൊടിച്ച് ആഘോഷിച്ചു. രാജി ജനാധിപത്യത്തിന്റെ വിജയമെന്ന് യുഡിഎഫ് അംഗങ്ങളും പറഞ്ഞു. പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.എസ്.സൂരജ് പറഞ്ഞു.
പാലക്കാടിന് പുറമെ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പന്തളം. ആകെയുള്ള 33 സീറ്റിൽ ബിജെപി 18, യുഡിഎഫ് അഞ്ച്, എൽഡിഎഫ് ഒമ്പത്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.