ആന എഴുന്നള്ളിപ്പ്: കോടതി മാർഗനിർദേശങ്ങൾ പ്രായോഗികമല്ല; ഉന്നതതലയോഗം ചേരുമെന്ന് മന്ത്രി കെ. രാജൻ
Thursday, November 28, 2024 2:36 PM IST
തൃശൂർ: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതിയുടെ മാർഗനിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ. രാജന്. കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോടും ഒരു കാരണവശാലും യോജിക്കാനാവില്ല. പൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേൾക്കാതെയാണ് കോടതിയുടെ നിർദേശം വന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചട്ട ഭേദഗതി വേണമോ മറ്റേതെങ്കിലും നടപടി വേണമോ എന്ന് വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും.വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിക്കുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നിയമസഭയുടെ സബ്ജക്ട് കമ്മറ്റിയുമായി ബന്ധപ്പെട്ട യാത്രയിലുള്ള വനം മന്ത്രി ഡിസംബറില്‍ തിരികെ എത്തിയാലുടന്‍ മുഖ്യമന്ത്രി ഉന്നത തല യോഗം വിളിക്കുമെന്നും കെ. രാജന് അറിയിച്ചു.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വെച്ച് പൂരം മുന്നോട്ടുകൊണ്ടുപോവാനാവില്ല. തൃശൂര്‍ പൂരത്തിലെ കുടമാറ്റം പോലും നടത്താനാകാതെ വരും. പ്രധാനപ്പെട്ട ഒരുപാട് എഴുന്നള്ളിപ്പുകളെ അത് ബാധിക്കും. പൂരം അതിന്റെ എല്ലാ സൗകര്യങ്ങളോടും നടത്തണമെന്നതാണ് സർക്കാരിന്റെ അഭിപ്രായം. അതിനായി ഏതറ്റം വരെയും പോകുമെന്നും കെ. രാജൻ കൂട്ടിച്ചേർത്തു.