ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാകില്ലെന്ന് സുപ്രീം കോടതി
Thursday, November 28, 2024 12:14 PM IST
ന്യൂഡല്‍ഹി: ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാകില്ലെന്ന് സുപ്രീം കോടതി. ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായിവരുന്നത് ദുഃഖകരമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
മുംബൈയിലെ ഖാര്‍ഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, എന്‍.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ വനിതാ എസ്ഐ നല്കിയ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്. കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അതില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോളല്ലെന്നും സുപ്രീം കോടതി പറഞ്ഞു.
മഹേഷ് ദാമു ഖാരെയുള്ള ബന്ധം ആരംഭിച്ചത് 2008ലാണെന്നാണ് യുവതി പരാതിയിൽ പറയുന്നത്. 2017ൽ നൽകിയ പരാതിയിൽ വിവാഹ വാഗ്ദാനം നല്‍കിയാണ് താനുമായി ഖരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും യുവതി വ്യക്തമാക്കിയിരുന്നു.