ഇ.പി.ജയരാജന്റെ ആത്മകഥ; രവി ഡിസിയുടെ മൊഴിയെടുത്തു
Monday, November 25, 2024 4:54 PM IST
കോട്ടയം: ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡിസി രവിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് ആണ് മൊഴിയെടുത്തത്.
മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ഇ.പി.ജയരാജനും ഡിസി ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പോലീസ് പരിശോധിച്ചത്. ഇ.പി.ജയരാജനുമായി വാക്കാൽ കരാര്‍ ഉണ്ടെന്നും രവി ഡിസി മൊഴി നൽകി.
മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്നു തന്നെ ഡിജിപിക്ക് കൈമാറും. പുസ്തകം വരുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റും 170ല്‍ അധികംവരുന്ന പേജുകളുടെ പിഡിഎഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും രവി അന്വേഷണ സംഘത്തോടു പറഞ്ഞു.
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിലാണ് ഇ.പി. ജയരാജന്റെ ആത്മകഥയിലേതെന്ന് പറഞ്ഞുള്ള പുസ്തകത്തിലെ ഭാഗങ്ങള്‍ പുറത്തെത്തിയത്. കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്നായിരുന്നു പുസ്തകത്തിന്റെ പേര്.
സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉള്‍പ്പെട്ട ഈ ഭാഗം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആത്മകഥ വിവാദത്തിൽ ഇ.പി. ജയരാജന്റെ മൊഴിയും കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു.