തോൽവിയുടെ പ്രാഥമിക ഉത്തരവാദിത്വം അധ്യക്ഷന്‍ തന്നെ; രാജിസന്നദ്ധത തള്ളാതെ കെ. സുരേന്ദ്രൻ
Monday, November 25, 2024 1:24 PM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം തനിക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തന്റെ രാജി സംബന്ധിച്ച് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രത്തിന്റെ തീരുമാനം അനുസരിക്കും. തന്റെ പ്രവർത്തനത്തിൽ വീഴ്ചകൾ ഉണ്ടെങ്കിൽ ഓഡിറ്റ് ചെയ്യപ്പെടണം. ഒഴിയണോ തുടരണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വി. മുരളീധരൻ അധ്യക്ഷനായ സമയത്ത് പിറവത്ത് 2000 വോട്ടുകളാണ് ബിജെപിക്ക് കിട്ടിയത്. അന്ന് രാജിവയ്ക്കാൻ ആരും ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നത് എസ്ഡിപിഐ ആണ്. തീവ്രവാദ സംഘടനകളുമായി എൽഡിഎഫിനും യുഡിഎഫിനും ബന്ധമുണ്ട്. കേരളത്തിൽ മതതീവ്രവാദം വളരുകയാണ്.
എന്തിനാണ് പാലക്കാട് മാത്രം ചര്‍ച്ച ചെയ്യുന്നത്. ചേലക്കരയിൽ യുഡിഎഫ് വോട്ട് കുറഞ്ഞത് ആരും ചര്‍ച്ച ചെയ്യുന്നില്ല. അതെന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു.