മുനമ്പം; ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു
Friday, November 22, 2024 6:29 PM IST
തിരുവനന്തപും: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ജസ്റ്റീസ് സി.എൻ.രാമചന്ദ്രൻ നായര്‍ അധ്യക്ഷനായിട്ടുള്ള ജുഡീഷ്യൽ കമ്മീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.
ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടമായതടക്കമുള്ള വിഷയങ്ങളും ഉടമസ്ഥാവകാശവും കമ്മീഷന് പരിശോധിക്കും. മൂന്നു മാസത്തിനുള്ള ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നൽകുമെന്നും ഉന്നതതല യോഗത്തിനു ശേഷം മന്ത്രി പി.രാജീവ് പറഞ്ഞു. സമരസമിതിയുമായി മുഖ്യമന്ത്രി സംസാരിക്കും.
കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ല. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോർഡ് നടപടികൾ സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശിച്ചു. അവർ അത് അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. കമ്മീഷന് നടപടികൾക്ക് ആവശ്യമായ സംവിധാനങ്ങൾ സർക്കാർ നൽകും.
വഖഫ് ബോർഡ് പുതിയ നോട്ടീസ് നൽകില്ലെന്നും നൽകിയ നോട്ടീസുകളിൽ തുടർ നടപടിയുണ്ടാകില്ലെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയിൽ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ.രാജൻ, പി.രാജീവ്, വി.അബ്ദുറഹിമാൻ തുടങ്ങിയവർ ഉന്നത തലയോഗത്തിൽ പങ്കെടുത്തു. എന്നാൽ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. എന്ത് അടിസ്ഥാനത്തിലാണ് തങ്ങളുടെ ഭൂമിയുടെ രേഖ കമ്മീഷൻ പരിശോധിക്കുന്നതെന്ന് സമരസമിതി അംഗങ്ങൾ ചോദിച്ചു.