തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ
Friday, November 22, 2024 4:56 PM IST
തിരുവനന്തപുരം: ഡിസംബർ പത്തിനു നടക്കുന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.
നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ ഇടയില്ലാത്തതിനാലാണിത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി ബോധ്യപ്പെടാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഈ നടപടി.
ഈ നിർദേശം ഡിസംബർ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാർഡുകളിലേയ്ക്കാണ് ഡിസംബർ 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.