കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസർ പിടിയിൽ
Friday, November 22, 2024 3:08 PM IST
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥനാണ്.
വിജിലൻസ് എസ്പിയാണ് ഇയാളെ അറസ്റ്റു ചെയ്തത്. ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റാൻ വേണ്ടിയായിരുന്നു കൈക്കൂലി വാങ്ങിയത്. ഏഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാർ.
അതിഥി തൊഴിലാളികളെ അടക്കം ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളിയായി കയറ്റുന്നതിന് ലേബർ കാർഡ് നൽകിയിരുന്നത് ഇദ്ദേഹമാണ്. ഒരു തൊഴിലാളിക്ക് 1,000 രൂപ വീതമാണ് അജിത് വാങ്ങിയിരുന്നത്. ഇത്തരത്തിൽ 20 തൊഴിലാളികളുടെ കാർഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണു പിടിയിലായത്.