കോവിഡ് വാക്സിനേഷൻ; സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രഫ. കെ.വി. തോമസ്
Thursday, November 21, 2024 9:43 PM IST
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സർക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്.
കോവിഡ് വാക്സിൻ എടുത്ത തന്റെ ഭാര്യ വൃക്കയും ഹൃദയവും തകരാറിലായി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മരണമണടഞ്ഞ വേദനയിലാണ് താൻ ഈ ആവശ്യമുന്നയിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് അയച്ച പരാതിയില്‍ കെ.വി. തോമസ് വ്യക്തമാക്കി.
തന്റെ ഭാര്യ ഷേർലി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു. എന്നാല്‍ കോവിഡ് വാക്സിന് എടുത്തശേഷം ഭാര്യക്ക് വൃക്കക്കും ഹൃദയത്തിനും തകരാർ സംഭവിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ മരണപ്പെടുകയും ചെയ്തു.
ഭാര്യയുടെ മരണം തനിക്കുണ്ടാക്കിയ വേദന വളരെ വലുതാണ്. ഇതുപോലെ പതിനായിരക്കണക്കിന് ആളുകള്‍ ഇന്ന് വേദന അനുഭവിക്കുന്നുണ്ട്
കോവിഡ് ബാധ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തോളം പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാക്കിയെന്നാണ് വിവരം. കോവിഡിനെ പ്രതിരോധിക്കാൻ നടത്തിയ വാക്സിനുകള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്തുവെന്നും പരാതിയും ഉണ്ട്.
വളരെ ആരോഗ്യമുണ്ടായിരുന്ന നിരവധി ആളുകള്‍ കോവിഡ് പ്രതിരോധ വാക്സിൻ എടുത്ത ശേഷം മരണപ്പെട്ടു.
ഈയൊരു സാഹചര്യത്തില്‍ കോവിഡ് മഹാമാരിയേയും പ്രതിരോധത്തിനായി നല്കിയ വാക്സിൻ കൈകാര്യം ചെയ്തതിനെക്കുറിച്ചും ഗൗരവമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കെ.വി. തോമസ് ആവശ്യപ്പെട്ടു.