വീണ്ടും തുറന്നടിച്ച് പ്രശാന്ത്; ജയതിലകിന് തന്നോട് പക, രണ്ട് മാസത്തെ ശമ്പളം മുടക്കി
Sunday, November 17, 2024 10:28 PM IST
കൊച്ചി: ഐഎഎസ് തലപ്പത്തെ പോരിനെ തുടർന്ന് നടപടി നേരിട്ടതിന് പിന്നാലെ വീണ്ടും തുറന്നടിച്ച് കൃഷിവകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിന് തന്നോട് പകയാണെന്നാണ് പ്രശാന്തിന്റെ ആരോപണം.
പ്രഫഷണൽ ഈഗോയാണ് ഈ പകയ്ക്ക് കാരണം. തനിക്ക് ഫയൽ തരാതിരിക്കാൻ നോട്ട് ഇറക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് താൻ ചീഫ് സെക്രട്ടറിയെ സമീപിച്ചത്.
ജയതിലക് തന്റെ രണ്ടു മാസത്തെ ശമ്പളം മുടക്കി. മുൻ മന്ത്രിയും സിപിഎം നേതാവുമായ മേഴ്സിക്കുട്ടിയമ്മയോട് തനിക്ക് ബഹുമാനമാണെന്നും പ്രശാന്ത് പറഞ്ഞു.
മേഴ്സിക്കുട്ടിയമ്മയ്ക്ക് തന്നെക്കുറിച്ച് തെറ്റിധാരണകളുണ്ട്. താൻ ഫെയ്സ്ബുക്കിൽ ഇട്ട കമന്റ് തെറ്റായി വ്യാഖ്യാനിച്ചു. ഇക്കാര്യം മേഴ്സിക്കുട്ടിയമ്മയെ ബോധ്യപ്പെടുത്തണമെന്നുണ്ടെന്നും പ്രശാന്ത് വ്യക്തമാക്കി.
തന്റെ പ്രഫഷൻ ശ്രദ്ധിച്ച് പോകുകയല്ലാതെ തനിക്ക് വേറെ താത്പര്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.