ആത്മകഥാ വിവാദം; പാർട്ടി ഇ.പിയുടെ നിലപാടിനൊപ്പമെന്ന് എൽഡിഎഫ് കൺവീനർ
Thursday, November 14, 2024 11:34 PM IST
കോഴിക്കോട്: സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. വിഷയത്തില്‍ പാര്‍ട്ടി ഇ.പിയുടെ നിലപാടിനൊപ്പമാണെന്ന് ടി.പി. രാമകൃഷ്ണന് പറഞ്ഞു.
ഇ.പി ആത്മകഥ എഴുതിത്തുടങ്ങിയിട്ടേയുള്ളൂ. അത് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. വിവാദം അദ്ദേഹം നിഷേധിക്കുകയും ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷണം നടക്കട്ടെ. പാര്‍ട്ടി അന്വേഷണം സംബന്ധിച്ച് മാധ്യമങ്ങളോട് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ടി.പി. രാമകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് പി. സരിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും ടി.പി. രാമകൃഷ്ണന് പറഞ്ഞു. സരിന്റെ സ്ഥാനാർഥിത്വത്തിന് മികച്ച സ്വീകാര്യതയാണ് പാലക്കാട് ലഭിച്ചത്. യുഡിഎഫിനെ പിന്തുണച്ച ഒരു വിഭാഗം സരിനെ പിന്തുണയ്ക്കുന്നുണ്ട്.
സരിന് അഭൂതപൂര്‍വമായ നിലയില്‍ ജയിച്ചുകൂടാ എന്നില്ലെന്നും ടി.പി. രാമകൃഷ്ണന് പറഞ്ഞു. ഇ.പി. ജയരാജന് പാര്‍ട്ടി തീരുമാനത്തിന് വിധേയനാകാന്‍ ബാധ്യസ്ഥനാണെന്നും ടി.പി. രാമകൃഷ്ണന് പറഞ്ഞു.
തങ്ങളെല്ലാം പാര്‍ട്ടി തീരുമാനത്തിന് വിധേയരാണ്. പാര്‍ട്ടി ഏകകണ്ഠമായി എടുത്ത തീരുമാനമാണ് സരിന്റെ സ്ഥാനാർഥിത്വം. വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടതില്‍ അന്വേഷണം വേണം. തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധന നടത്തി വ്യക്തത വരുത്തണം. സരിന്റെ പേര് ചേര്‍ത്തത് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അതും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.