ധാൻഗ്രി ആക്രമണം; പൂഞ്ചിൽ എൻഐഎ റെയ്ഡ്
Sunday, October 1, 2023 12:53 AM IST
ശ്രീനഗർ: രജൗരിയിലെ ധാൻഗ്രിയിൽ ഏഴു ഗ്രാമീണരുടെ മരണത്തിനിടയാക്കിയ ലഷ്കർ ഇ ത്വയ്ബ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പൂഞ്ചിലെ വിവിധ കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ സംഘം റെയ്ഡ് നടത്തി.
മെന്ദറിലെ ഗുർസായി ഗ്രാമത്തിൽ അഞ്ചിടങ്ങളിൽ പരിശോധന നടത്തിയെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു. ലഷ്കർ ഇ ത്വയ്ബ ഭീകരരുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരുടെ ഏതാനും കേന്ദ്രങ്ങളിലും പരിശോധനയുണ്ടായിരുന്നു.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കഴിഞ്ഞമാസം 31 ന് എൻഐഎയുടെ പിടിയിലായ നിസാർ അഹമ്മദ് എന്ന ഹാജി നിസാർ, മുസ്താഖ് ഹുസൈൻ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുവരും ജമ്മു സെൻട്രൽ ജയിലിലാണിപ്പോൾ.
രജൗരിക്കു എട്ട് കിലോമീറ്റർ അകലെയുള്ള ധാൻഗ്രിയിൽ കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു ആക്രമണം. ഗ്രാമീണർക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ഭീകരർ സ്ഥാപിച്ച മൈൻപൊട്ടി മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു.