രാജ്കോട്ട് ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് 66 റണ്‍സ് വിജയം
Wednesday, September 27, 2023 11:01 PM IST
രാജ്കോട്ട്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സ് തോല്‍വി. പരമ്പരയിലെ ആദ്യ രണ്ടു മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഡേവിഡ് വാര്‍ണര്‍(56),മിച്ചല്‍ മാര്‍ഷ്(96),സ്റ്റീവന്‍ സ്മിത്ത്(74),ലബുഷെയ്ന്(72) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ നിശ്ചിത 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് ഓസ്ട്രേലിയ അടിച്ചെടുത്തത്. ഇന്ത്യയുടെ മറുപടി 49.4 ഓവറിൽ 286ൽ അവസാനിച്ചു.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബൂംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും പത്തോവറില്‍ 81 റണ്‍സ് വഴങ്ങി. കുൽദീപ് യാദവ് രണ്ടും മുഹമ്മദ് സിറാജ്,പ്രസിദ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഇന്നിംഗ്സിന് തുടക്കംകുറിച്ചത് വാഷിംഗ്ടണ്‍ സുന്ദര്‍ ആയിരുന്നു. സുന്ദറിനെ കാഴ്ചക്കാരനാക്കി രോഹിത് തകര്‍ത്തടിച്ചതോടെ സ്കോര്‍ കുതിച്ചു കയറി.
എന്നാല്‍ ടീം സ്കോര്‍ 74ല്‍ എത്തിയപ്പോള്‍ മാക്സ്വെല് സുന്ദറിനെ മടക്കി. സ്കോര്‍ 144ല്‍ എത്തിയപ്പോള്‍ രോഹിത് ശര്‍മയും മാക്സ്വെല്ലിനു മുമ്പില്‍ വീണു. 57 പന്തില്‍ ആറു സിക്സറുകളും അഞ്ചു ബൗണ്ടറിയും സഹിതം 81 റണ്‍സായിരുന്നു രോഹിതിന്റെ സന്പാദ്യം.
പിന്നീട് വിരാട് കോഹ്ലി(56),ശ്രേയസ് അയ്യര്‍(48) എന്നിവരെക്കൂടി പുറത്താക്കിയ മാക്സ്വെല് കരിയറിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പിന്നീട് വന്നവരില്‍ കെ.എല്‍. രാഹുല്‍(26), രവീന്ദ്ര ജഡേജ(35) എന്നിവര്‍ക്ക് മാത്രമാണ് അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്.
ഓസീസിനായി മാക്സ്വെൽ 41 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹേസില്‍വുഡ് രണ്ടും സ്റ്റാര്‍ക്,കമ്മിന്‍സ്, ഗ്രീന്‍, തന്‍വീര്‍ സംഘ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. മാക്സ്വെൽ കളിയിലെ താരമായപ്പോൾ ഇന്ത്യന്‍ താരം ശുഭ്മാൻ ഗില്ലാണ് പരന്പരയിലെ താരം.