കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; ബാങ്ക് ജീവനക്കാരുടെ ഭീഷണി മൂലമെന്ന് കുടുംബം
Tuesday, September 26, 2023 9:40 AM IST
കോട്ടയം: അയ്മനത്ത് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ ബാങ്കിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം. ബാങ്ക് ജീവനക്കാരുടെ നിരന്തര ഭീഷണിയെതുടർന്നാണ് വ്യാപാരി ജീവനൊടുക്കിയതെന്നാണ് പരാതി.
കുടമാളൂർ അഭിരാമം വീട്ടിൽ ബിനു കെ.സി.(60) ആണ് വീട്ടിലെ മുറിക്കുള്ളിൽ ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടയം കുടയംപടിയിൽ ക്യാറ്റ് വാക്ക് എന്ന പേരിൽ ചെരുപ്പ് കട നടത്തുകയായിരുന്നു ബിനു. നാഗമ്പടത്തെ കർണാടക ബാങ്കിൽനിന്ന് വ്യാപാര ആവശ്യത്തിനായി ഇദ്ദേഹം അഞ്ചുലക്ഷം രൂപ വായ്പ എടുത്തിരുന്നു.
എന്നാൽ രണ്ടു മാസത്തെ കുടിശിക നൽകാൻ ബാക്കിയുണ്ടായിരുന്നതിനാൽ ബാങ്ക് ജീവനക്കാർ നിരന്തരം കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്നു കുടുംബം പറയുന്നു.
ബാങ്ക് മാനേജരായ പ്രദീപാണ് ബിനുവിനെ ഭീഷണിപ്പെടുത്തിയതെന്ന് മകൾ പറയുന്നു. ഇതിനു മുൻപും ഇതേ ബാങ്കിൽ നിന്നും വായ്പ എടുത്ത ബിനു കൃത്യമായി മുഴുവൻ തുകയും അടച്ചു തീർത്തിരുന്നു.
തിങ്കളാഴ്ച രാവിലെയും ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ബാങ്കിൽ നിന്നുള്ള ജീവനക്കാർ എത്തി ഭീഷണിപ്പെടുത്തുകയും മേശവലിപ്പിൽ നിന്ന് പണം എടുക്കുകയും ചെയ്തുവെന്നും കുടുംബം ആരോപിക്കുന്നു.
തുടർന്ന് ഉച്ചയോടെ കുടയംപടി കവലയിലെ കടയടച്ച് ഇദ്ദേഹം വീട്ടിലേക്ക് പോകുകയായിരുന്നു. വൈകുന്നേരം മക്കൾ മുറിയ്ക്കുള്ളിൽ നോക്കിയപ്പോഴാണ് ബിനുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ബാങ്ക് ജീവനക്കാരുടെ പീഡനം മൂലമാണ് ബിനു ജീവനൊടുക്കിയതെന്ന് ആരോപിച്ച് ബിനുവിന്റെ കുടുംബവും നാട്ടുകാരും ചേർന്ന് കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.