മലയാളത്തിന്റെ മഹാനടൻ മധുവിന് ഇന്ന് നവതി; ആദരവുമായി ജന്മനഗരി
വെബ് ഡെസ്ക്
Saturday, September 23, 2023 7:42 AM IST
തിരുവനന്തപുരം: ഇന്ത്യൻ സിനിമയുടെതന്നെ അഭിമാനമായ ചലച്ചിത്രതാരം മധുവിന്റെ നവതി ഇന്നു തലസ്ഥാനം കൊണ്ടാടും. തിരുവനന്തപുരം നഗരത്തിലെ ഗൗരീശപട്ടത്ത് 1933 സെപ്റ്റംബർ 23നു ജനിച്ച പി. മാധവൻ നായർ മലയാള സിനിമയുടെ ഇതിഹാസതാരം മധുവായി മാറിയിട്ട് അറുപത് വർഷംകൂടി തികയുകയാണ്. ഈ സുവർണ മുഹൂർത്തങ്ങൾ കോർത്തിണക്കി ജന്മനഗരം ഇന്നു മധുവിനു പിറന്നാൾ ആശംസ അർപ്പിക്കും.
ഫിലിം ഫ്രറ്റർണിറ്റി ഏഷ്യാനെറ്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘മധുമൊഴി’ ഇന്നു വൈകുന്നേരം 6.45നു നിശാഗന്ധിയിൽ അരങ്ങേറും. മധുമൊഴിയിൽ മോഹൻലാൽ, സിദ്ദിക്, ബിജു മേനോൻ, ഇന്ദ്രജിത്ത് തുടങ്ങിയവർ പിറന്നാൾ ആശംസകൾ നേരും. മധു അനശ്വരമാക്കിയ ചലച്ചിത്ര ഗാനങ്ങൾ ഉൾച്ചേരുന്ന ഗാനാർച്ചന ‘മധുമൊഴി’യുടെ സവിശേഷതയായിരിക്കും.
എം. ജി. ശ്രീകുമാർ, കെ. എസ്. ചിത്ര, മധു ബാലകൃഷ്ണൻ, മൃദുല വാര്യർ, ഗായത്രി രാജലക്ഷ്മി, സുദീപ് കുമാർ തുടങ്ങിയവർ മധു ചിത്രങ്ങളിലെ മനോഹര ഗാനങ്ങൾ ആലപിക്കും. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും ഗാനങ്ങൾ ആലപിക്കും.
മധുമൊഴിയുടെ ഭാഗമായി ഫോട്ടോഗ്രാഫർ ആർ. ഗോപാലകൃഷ്ണൻ രചിച്ച് എം. രഞ്ജിത്ത് നിർമിച്ച ‘അതിമധുരം’ എന്ന മധുവിൻറെ ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനവും നടക്കും. മോഹൻലാൽ മധുവിനു ആദ്യകോപ്പി നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിക്കുന്നത്.