കൊടുങ്ങല്ലൂരിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാനില്ലെന്ന് പരാതി
Friday, September 22, 2023 9:30 AM IST
തൃശൂർ: കൊടുങ്ങല്ലൂരിൽ ബാങ്ക് ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് പരാതി. കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന 60 പവനോളം തൂക്കം വരുന്ന സ്വർണമാണ് കാണാതായത്.
ബംഗളൂരുവിൽ താമസിക്കുന്ന സുനിത എന്ന സ്ത്രീയാണ് തന്റെ സ്വർണം കാണാനില്ലെന്ന് കാട്ടി പരാതി നൽകിയത്. 2022 ഒക്ടോബറിൽ ലോക്കറിൽ നിക്ഷേപിച്ച സ്വർണാഭരണങ്ങൾ, ഈയിടെ നടത്തിയ പരിശോധനയിലാണ് കാണാനില്ലെന്ന് വ്യക്തമായത്.
എന്നാൽ കർശന സുരക്ഷാസംവിധാനമുള്ള ബാങ്ക് ലോക്കറിൽ നിന്ന് സ്വർണം മോഷണം പോയതെങ്ങനെയെന്ന് വ്യക്തമല്ല. അക്കൗണ്ട് ഉടമയുടെ കൈവശമുള്ള താക്കോലിനൊപ്പം ബാങ്ക് മാനേജർ സൂക്ഷിക്കുന്ന മാസ്റ്റർ കീയും പ്രയോഗിച്ചാൽ മാത്രമാണ് ലോക്കർ തുറക്കാനാവുക. ഇതിനാൽ സ്വർണം നഷ്ടമായതെങ്ങനെയെന്ന് വ്യക്തമല്ല.
ഇതിനിടെ, ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതരും പോലീസിൽ പരാതി നൽകി.