പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ് കേസ്: വിജിലൻസ് വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കും
Thursday, June 1, 2023 10:36 PM IST
വയനാട്: പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പുകേസിൽ വിജിലൻസ് വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കും. തലശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ. ഏബ്രഹാം ഉൾപ്പെടെ കേസിൽ 10 പ്രതികളാണുള്ളത്.
കേസിൽ കെ.കെ.ഏബ്രഹാമിനെ റിമാൻഡ് ചെയ്തിരുന്നു. ബുധനാഴ്ച രാത്രി റിമാൻഡിലായ ബാങ്ക് മുൻ സെക്രട്ടറി കെ.ടി.രമാദേവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഏബ്രഹാമിനെ മാനന്തവാടി ജില്ലാ ജയിലിലേക്കാണ് സുൽത്താൻ ബത്തേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാൻഡ് ചെയ്തത്. ഇതേ കോടതിയാണ് രമാദേവിയുടെ ജാമ്യാപേക്ഷ തള്ളിയത്.
രണ്ടു കേസുകളിലാണ് ഏബ്രഹാമിന്റെ അറസ്റ്റ്. പുൽപ്പള്ളിയിലെ ഡാനിയേൽ-സാറാക്കുട്ടി ദന്പതികളുടെ പരാതിയിൽ 2022 ഒക്ടോബറിൽ രജിസ്റ്റർ ചെയ്തതാണ് കേസുകളിൽ ഒന്ന്. കേളക്കവല ചെന്പകമൂലയിലെ കർഷകൻ കിഴക്കേഇടയിലത്ത് രാജേന്ദ്രൻ നായരെ(55) ആത്മഹത്യക്കു പ്രേരിപ്പിച്ചുവെന്നതാണ് രണ്ടാമത്തേത്. രാജേന്ദ്രൻ നായരുടെ മകന്റെ പരാതിയിലാണ് ആത്മഹത്യ പ്രേരണയ്ക്കു കേസ്.
ഡാനിയേൽ-സാറാക്കുട്ടി ദന്പതികളുടെ പരാതിയിൽ രജിസ്റ്റർ കേസിലാണ് രമാദേവിക്കെതിരേ നടപടി. ഇവരുടെ പേരിൽ ആത്മഹത്യ പ്രേരണയ്ക്കു കേസെടുത്തിട്ടില്ല. ചൊവ്വാഴ്ച അർധരാത്രിയോടെ വീട്ടിൽനിന്നാണ് ഏബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട ഏബ്രഹാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചകഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ചികിത്സയിലിരിക്കെ ഏബ്രഹാമിനെ പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ രാത്രി വൈകി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയാണ് അറസ്റ്റുചെയ്തത്.