പ്രവാസികളുടെ തൊഴില്‍ വിസ: വിസ സ്റ്റാമ്പ് ചെയ്യാന്‍ ജൂണ്‍ ഒന്നുമുതല്‍ യോഗ്യത തെളിയിക്കണം
Sunday, May 28, 2023 2:55 PM IST
റിയാദ്: തെരഞ്ഞെടുക്കപ്പെട്ട തൊഴിലുകളിലേക്ക് സൗദി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ജൂണ്‍ ഒന്നുമുതല്‍ യോഗ്യത തെളിയിക്കണം. ഇലക്ട്രീഷന്‍, പ്ലംബര്‍, ഓട്ടോമോട്ടീവ് മെക്കാനിക്, വെല്‍ഡിംഗ്, എസി ടെക്നിഷ്യന്‍, ഓട്ടോമോട്ടീവ് ഇലക്ട്രീഷന്‍ തുടങ്ങിയ തസ്തികകളിലേക്കാണ് യോഗ്യത തെളിയിക്കേണ്ടത്.
ഇത് സംബന്ധിച്ചുള്ള വിവരം https://svp-international.pacc.sa എന്ന അക്രഡിറ്റേഷന് വെബ്സൈറ്റില്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ,പാക്കിസ്ഥാന്,ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളും 29 തൊഴിലുകളുമാണ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇതില്‍ ആറ് തൊഴിലുകള്‍ക്കാണ് യോഗ്യത തെളിയിക്കാനുള്ള സെന്ററുകള്‍ കാണിക്കുന്നത്. ഇന്ത്യയില്‍ ഡല്‍ഹിയിലും ബോംബെയിലുമാണ് സെന്ററുകള്‍.
ഡോണ്‍ബോസ്കോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അറബ്ടെക് ബിഎസ്എല്‍ ട്രെയിനിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്റര്‍ എന്നീ രണ്ട് സെന്റര്‍ ഡല്‍ഹിയിലും, ഹോസ്റ്റന്‍ ടെസ്റ്റിംഗ് ആന്‍ഡ് സ്കില്‍ അപ്ഗ്രഡേഷന് അക്കാദമി, അഗ്നില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ രണ്ട് സ്ഥാപനങ്ങള്‍ മുംബൈയിലുമാണുള്ളത്.
ഏതെല്ലാം പ്രൊഫഷനുകളില്‍ ഏത് തരം യോഗ്യത തെളിയിക്കലാണ് വേണ്ടത് എന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരാനുണ്ട്. എന്നാല്‍ ജൂണ്‍ ഒന്നുമുതല്‍ തെരഞ്ഞെടുക്കപ്പെട്ട തൊഴിലുകള്‍ക്ക് യോഗ്യത പരിശോധിച്ച രേഖയില്ലാതെ പാസ്പോര്‍ട്ട് സ്വീകരിക്കില്ലെന്ന് കോണ്‍സുലേറ്റ് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.