എടോ വാര്യരെ... മറക്കാനാകുമോ നീലന്റെ വാര്യരെ
Sunday, March 26, 2023 11:36 PM IST
കോട്ടയം: വാര്യരെ ഞാൻ എന്താടോ ഇങ്ങനെ ആയിപ്പോയത്.. താൻ ചിന്തിച്ചിട്ടുണ്ടോ അത്? ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാത്ത കാര്യമാ...ആഹ്..തലവര, അല്ലാതെന്താ ഞാൻ പറയുക....എന്നാൽ ഇനി താൻ ചിന്തിച്ച് പ്രയാസപ്പെടണ്ട, ഞാനിങ്ങനെ തന്നെയാ.. അതെന്താ എന്ന് ചോദിച്ചാൽ ഞാനങ്ങനെതന്നാ അത്ര തന്നെ.....നീലാ എന്ന നീട്ടി വിളിയും കരുതലും മാത്രം മതി ദേവാസുരം എന്ന ചിത്രത്തിലെ ഇന്നസെന്റ് എന്ന അഭിനയപ്രതിഭയെ തിരിച്ചറിയാൻ...
രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരത്തിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിലൊന്നായിരുന്നു ഇത്.
ദേവാസുരത്തിൽ നീലന്റെ കൂട്ടെന്ന പോലെ അനവധി ചിത്രങ്ങളിൽ എല്ലാവരുടെയും കൂട്ടുകെട്ടിന്റെ ഭാഗമായ ഇന്നസെന്റ് എന്ന മനുഷ്യൻ. പലപ്പോഴും കഥാപാത്രമാണെന്ന് മറന്നു പോകുന്ന അഭിനയമുഹൂർത്തങ്ങൾ...മംഗലശ്ശേരി നീലകണ്ഠന്റെ ഇടംകൈയായിരുന്നു വാര്യർ. ഏത് ഘട്ടത്തിലും നീലനെ പിടുത്തമിടാൻ അവകാശമുള്ള ഏകയാൾ.
കാണുന്നവരിൽ ഹാസ്യത്തിന്റെ, കരുതലിന്റെ, സാഹോദര്യത്തിന്റെ, കൂടപ്പിറപ്പിന്റെ, കരുത്ത് കാട്ടിയ കഥാപാത്രങ്ങൾ. ഓരോ കഥാപാത്രത്തിനും പറയാൻ ഒരുപാട് കഥകൾ ബാക്കി വച്ചിട്ടാകും ഇന്നസെന്റ് യാത്രയായത്.
ആത്മാർഥമായി ചിരിച്ചുകൊണ്ട് നമ്മളെയെല്ലാം ചിരിപ്പിച്ചുകൊണ്ട് ഇന്നസെന്റ് യാത്രയായിരിക്കുന്നു. ചെല്ലുന്നിടത്തും ചിരിമുത്തുകൾ വാരി വിതറാൻ...