യുപിഎ സർക്കാരിനെ താഴെയിറക്കാൻ അവസാന ആണിയടിച്ചത് രാഹുൽ; വെളിപ്പെടുത്തലുമായി പുതിയ പുസ്തകം
Thursday, December 7, 2023 7:33 AM IST
ന്യൂഡൽഹി: 2014ൽ യുപിഎയ്ക്ക് ഭരണം നഷ്ടമാകാനുള്ള കാരണങ്ങളിലൊന്ന് രാഹുൽ ഗാന്ധിയെന്ന വെളിപ്പെടുത്തലുമായി പ്രണാബ് മുഖർജിയുടെ മകളുടെ പുസ്തകം.
2014ൽ നരേന്ദ്ര മോദി സർക്കാരിനെ അധികാരത്തിലെത്തിച്ച പല കാരണങ്ങളിൽ ‘അവസാനത്തെ ആണി’ രാഹുൽ ഗാന്ധി പാർട്ടിക്കുള്ളിൽ ഉയർത്തിയ കലാപമാണെന്നാണ് പ്രണബ് മുഖർജി പറഞ്ഞതെന്ന് ശർമിഷ്ഠ മുഖർജി വെളിപ്പെടുത്തി.
മുൻ രാഷ്ട്രപതിയെപ്പറ്റിയുള്ള ‘പ്രണബ്: മൈ ഫാദർ’ എന്ന പുസ്തകത്തിലാണ് ശർമിഷ്ഠയുടെ ഈ വെളിപ്പെടുത്തൽ.
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവു മറികടക്കാനായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് പരസ്യമായി കീറിയതുൾപ്പെടെ രാഹുൽ ഉയർത്തിയ പ്രതിഷേധങ്ങളെയാണ് പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സ്വന്തം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയതോടെ രാഹുലിനോടുള്ള വിശ്വാസം പ്രണാബിനു നഷ്ടമായെന്നു പുസ്തകത്തിലുണ്ട്.
ഷോ കാണിക്കുന്നതിനു പകരം ഓർഡിനൻസ് ഒഴിവാക്കാനായിരുന്നു രാഹുൽ ശ്രമിക്കേണ്ടിയിരുന്നത്. മന്ത്രിസഭാ തീരുമാനത്തെ പരസ്യമായി വെല്ലുവിളിക്കാൻ അയാൾ ആരാണെന്നായിരുന്നു പ്രണാബ് പ്രതികരിച്ചതെന്നും ശർമിഷ്ഠയുടെ പുസ്തകത്തിൽ പറയുന്നു.
രാഷ്ട്രീയ പക്വതയില്ലാത്ത അഭിപ്രായ പ്രകടനങ്ങൾ രാഹുലിൽ നിന്നുണ്ടായി, രാഷ്ട്രീയം മുഴുവൻസമയ ജോലിയാണ് തുടങ്ങിയ നിരീക്ഷണങ്ങളും രാഹുലിനെക്കുറിച്ചു പ്രണബ് നടത്തി.
നിർണായക ഘട്ടങ്ങളിൽ അവധിയെടുത്തു പോകുന്ന രാഹുലിന്റെ രീതിയിലും പ്രണബിന് എതിർപ്പുണ്ടായിരുന്നു. രാഹുലിന്റെ ഓഫീസ് ഉൾപ്പെടെ വിശ്വസ്തരെക്കുറിച്ചും പ്രണബിന് എതിർപ്പായിരുന്നു.
അതേസമയം, മോദിയെക്കുറിച്ചു വലിയ മതിപ്പോടെയായിരുന്നു പ്രണബ് സംസാരിച്ചിരുന്നത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം ആളുകളുടെ മിടിപ്പ് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന ഏക പ്രധാനമന്ത്രി മോദിയാണെന്ന് പലവട്ടം പ്രണബ് തന്നോടു പറഞ്ഞിട്ടുണ്ടെന്ന് ശർമിഷ്ഠ എഴുതുന്നു.
2004ൽ യുപിഎ അധികാരത്തിലെത്തിയപ്പോൾ പ്രണാബ് മുഖർജി പ്രധാനമന്ത്രിയാകുമെന്നായിരുന്നു ഒട്ടുമിക്കവരും കരുതിയിരുന്നത്. എന്നാൽ വിപരീതമായ കാര്യമാണ് സംഭവിച്ചത്.
ആദ്യ യുപിഎ മന്ത്രിസഭയിൽ ആഗ്രഹിച്ച വകുപ്പുകളും പ്രണാബിനു കിട്ടിയില്ല. ഒരുനാൾ പ്രധാനമന്ത്രിയാകാൻ മോഹിച്ചിരുന്നുവെന്ന് പ്രണബ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശർമിഷ്ഠയുടെ പുസ്തകത്തിൽ പറയുന്നു.