കൗമാരക്കാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിയ്ക്ക് 60 വർഷം കഠിന തടവ്
Monday, September 25, 2023 10:18 PM IST
പത്തനംതിട്ട: പതിനഞ്ചുവയസുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിന തടവും 3,60,000 രൂപ പിഴയും വിധിച്ച് അടൂര്‍ പ്രത്യേക അതിവേഗ കോടതി.
പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടില്‍ പ്രകാശ് കുമാറി(43)നെയാണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. സ്മിതാ ജോണ്‍ ഹാജരായി. 2020ലാണ് സംഭവം. കുട്ടിയുടെ കുടുംബത്തിന് വാടകവീട് എടുത്തു നല്കിയതു വഴിയുള്ള പരിചയത്തിൽ വീട്ടില്‍ വെച്ചും പിന്നീട് കുട്ടിയുടെ അമ്മ ആശുപത്രിയിലായിരുന്നപ്പോള്‍ അവിടെ വച്ചുമാണ് പീഡിപ്പിച്ചത്.
നിരവധി പ്രാവശ്യം ഇയാൾ കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതുകൂടാതെ 2020ൽ ഇയാൾ കുട്ടിയുടെ വീട്ടില്‍ കയറി ആക്രമണം നടത്തുകയും ചെയ്തു.
പ്രതി പിഴ അടക്കാത്ത പക്ഷം മൂന്ന് വര്‍ഷവും എട്ടുമാസവും കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിച്ച കോടതി കെട്ടിവെയ്ക്കുന്ന തുക ഇരയ്ക്കു നല്‍കണമെന്ന് വിധിന്യായത്തില്‍ നിര്‍ദേശിക്കുകയും ചെയ്തു.