ഇഡിയുടെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി
Tuesday, September 26, 2023 4:58 PM IST
ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യക അധികാരങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ച് സുപ്രീം കോടതി. പുനഃപരിശോധനയ്ക്ക് പ്രത്യേക മൂന്നംഗ ബെഞ്ച് രൂപീകരിച്ചു. 2022ലെ വിധിയാണ് പുനഃപരിശോധിക്കുക.
ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ പ്രത്യേക മൂന്നംഗ ബെഞ്ച് ഒക്ടോബര്‍ 18 മുതലാണ് പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുക.
2002ലെ കള്ളപ്പണ വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സുപ്രധാന വകുപ്പുകളാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സുപ്രീംകോടതി ശരിവച്ചത്. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചിരുന്നത്.
ഇതില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ വിരമിച്ചു. പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ ജസ്റ്റിസ് സി.ടി. രവികുമാര്‍ അംഗമല്ല. ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല.എം. ത്രിവേദി എന്നിവരാണ് അംഗങ്ങള്‍.
കഴിഞ്ഞ വർഷത്തെ വിധിയിലെ രണ്ട് ഭാഗങ്ങളാണ് സുപ്രീം കോടതി പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന എഫ്ഐആറിനെയും ഇഡി ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ടും ഒന്ന് പോലെ കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു 2022ലെ വിധിയില്‍ പറഞ്ഞിരുന്നത്.
ഇഡി കേസ് ഇൻഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഏജന്‍സിയുടെ ആഭ്യന്തര റിപ്പോര്‍ട്ട് ആണെന്നും അതിനാല്‍ അറസ്റ്റിന്റെ സമയത്ത് അത് കുറ്റാരോപിതന് കൈമാറേണ്ട ആവശ്യമില്ലെന്നും 2022ലെ വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വിധിയുടെ ഈ ഭാഗം പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇഡിയെ കരുവാക്കി പ്രതിപക്ഷ പാർട്ടികൾക്കെതിരേ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം ഉള്‍പ്പടെയുള്ളവർ പുനഃപരിശോധന ഹർജികൾ നൽകിയത്.