ജ്വല്ലറി മാനേജർ ലോഡ്ജിൽ മരിച്ച നിലയിൽ
Tuesday, November 28, 2023 4:30 PM IST
ഗുരുവായൂർ: ജ്വല്ലറി മാനേജരായ മധ്യവയസ്കനെ ഗുരുവായൂരിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം കൊടുങ്ങൂർ സ്വദേശി പ്രസാദത്തിൽ രവീന്ദ്രൻ (55) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
പൊൻകുന്നത്ത് പ്രവർത്തിക്കുന്ന ദൈവസഹായം ജ്വല്ലറിയിലെ മാനേജർ കം അക്കൗണ്ടന്റായി പ്രവർത്തിച്ചുവരികയായിരുന്നു ഇയാൾ. ഗുരുവായൂരിലെ ഇന്നർ റിംഗ് റോഡിൽ വ്യാപാരഭവന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ കഴിഞ്ഞ രാത്രിയാണ് ഇയാൾ മുറിയെടുത്തത്.
ഇന്ന് പുലർച്ചെ ലോഡ്ജ് ജീവനക്കാരൻ മുറി കുറ്റിയിടാതെ ചാരിയ നിലയിൽ കണ്ടതിനെ തുടർന്ന് മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഗുരുവായൂർ ടെമ്പിൾ പോലീസ് ലോഡ്ജിൽ എത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.