തിരുവനന്തപുരത്ത് മൂന്ന് സ്കൂളുകൾക്ക് അവധി
Wednesday, October 4, 2023 8:43 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. കനത്ത മഴ പെയ്തതിനെ തുടർന്ന് പലയിടത്തും വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്കൂളുകൾക്കാണ് അവധി.
തിരുവനന്തപുരം താലൂക്കിൽ പെടുന്ന മൂന്ന് സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. കൊഞ്ചിറവിള യുപി സ്കൂൾ, വെട്ടുകാട് എൽപി സ്കൂൾ, ഗവൺമെന്റ് എംഎൻഎൽപി സ്കൂൾ വെള്ളായണി എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളുകൾക്കാണ് അവധി.
അതേസമയം സംസ്ഥാനത്ത് തുടർച്ചയായി പെയ്ത ശക്തമായ മഴയ്ക്ക് ശമനമായി. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് തിരുവനന്തപുരം ജില്ലയിൽ പല ഭാഗത്തും ഉണ്ടായത്.