കോഴിക്കോട്: റബർ വിലയിൽ ക്രൈസ്തവ സഭകൾ ഉന്നയിച്ച അതേ ആവശ്യം ഏറ്റെടുത്ത് സിപിഎം. റബറിന് 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ കർഷക സംഘടനയായ കേരള കർഷക സംഘം പ്രക്ഷോഭത്തിന് ഇറങ്ങുന്നു.

ചൊവ്വാഴ്ച താമരശേരിയിലാണ് സമരം നടത്തുകയെന്ന് കേരള കർഷകസംഘം അറിയിച്ചു. റബറിന് 300 രൂപ വില നിശ്ചയിച്ചാൽ ബിജെപിക്ക് ഒരു എംപിയെ നൽകാമെന്ന തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.

തെരഞ്ഞെടുപ്പിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ല എന്ന സത്യം ഓർക്കണമെന്നും, മാർ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. പിന്നാലെ ബിഷപ്പിനെതിരേ സിപിഎം രംഗത്തെത്തിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ട വേളയിൽ ഇതേ ആവശ്യവുമായി സിപിഎം തെരുവിലിറങ്ങുകയാണ്.