വയോധികയ്ക്ക് ക്രൂരപീഡനം; പ്രതിക്ക് 15 വർഷം തടവുശിക്ഷ
Friday, December 8, 2023 9:14 PM IST
ചേര്‍ത്തല: വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും. എഴുപുന്ന പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കറുകയില്‍ വീട്ടില്‍ സുധീഷി(29)നെയാണ് ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി ഒന്നരവർഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2021 മെയ് 15നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന 70കാരി സിറ്റൗട്ടിലെ ലൈറ്റ് ഇടുന്നതിനായി വന്ന സമയത്ത് മതില് ചാടി വന്ന പ്രതി, ഇവരെ കടന്നുപിടിക്കുകയും ഹാളിലേക്ക് വലിച്ച് കൊണ്ട് പോയി അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.
രക്തത്തില്‍ കുളിച്ച് അനങ്ങാനാവാതെ കിടന്ന വയോധിക, പുലര്‍ച്ചയോടെ നിരങ്ങി അയല്‍വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് വൃദ്ധയെ ആശുപത്രിയില്‍ എത്തിച്ചത്.
വൃദ്ധയെ പരിശോധിച്ച ചേര്‍ത്തല ആശുപത്രിയിലെ ഡോക്ടറാണ് ബലാത്സംഗത്തിനിരയായ വിവരം മക്കളെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.