വിദ്യാ വിജയന്മാര്ക്കും വീണാ വിജയന്മാര്ക്കും എന്തുമാകാമെന്ന അവസ്ഥ: രമേശ് ചെന്നിത്തല
Wednesday, June 7, 2023 5:50 PM IST
തിരുവനന്തപുരം: മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്ഐയ്ക്കും സിപിഎമ്മിനുമെതിരേ രമേശ് ചെന്നിത്തല. തട്ടിപ്പിന്റെ മഹാരഥന്മാരായി എസ്എഫ്ഐ മഹാരാജാസ് പോലുള്ള കോളജുകളില്‍ വിലസുന്നു. വ്യാജ ഡിഗ്രിക്കാരെ ന്യായീകരിക്കുന്നത് സിപിഎമ്മിന്റെ അപചയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
"എന്താ നമ്മുടെ നാട്ടില്‍ നടക്കുന്നത്? തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത എസ്എഫ്ഐക്കാരന് ജയിക്കുന്നു, പരീക്ഷയെഴുതാത്ത എസ്എഫ്ഐക്കാരന് ജയിക്കുന്നു. വിദ്യാ വിജയന്മാര്ക്കും വീണാ വിജയന്മാര്ക്കും എന്തും ആകാമെന്ന അവസ്ഥയാണ്. എന്ത് കൊള്ളരുതായ്മയ്ക്കും എസ്എഫ്ഐ നേതാക്കളുണ്ട്'- ചെന്നിത്തല പറഞ്ഞു.
കലാലയങ്ങളില്‍ എന്ത് കൊള്ളരുതായ്മയും നടക്കുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എഐ കാമറ വിവാദത്തില്‍ മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതിയുള്ളത് കൊണ്ടാണ്. അഴിമതിപ്പണം പോകുന്നത് മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പന്റെ കമ്പനിയിലേക്കാണെന്നും മുഖ്യമന്ത്രിയെ ന്യായീകരിക്കുക എന്നത് മുഹമ്മദ് റിയാസിന്റെ ബാധ്യതയാണെന്നും അദ്ദേഹം പരിഹസിച്ചു. മറ്റ് മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെന്നും പരാതി താരിഖ് അന്‍വറിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.