രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായേക്കും; ബിജെപി അധികാരത്തില്‍ വരുമെന്ന് സര്‍വേ
വെബ് ഡെസ്ക്
Saturday, September 30, 2023 11:50 PM IST
ജയ്പൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ അശോക് ഖലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരണ തുടര്‍ച്ചയുണ്ടാകില്ലെന്ന പ്രവചനവുമായി ഇറ്റിജി അഭിപ്രായ സര്‍വേ. സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
ആകെയുള്ള 200 സീറ്റുകളില്‍ ബിജെപിക്ക് 95 മുതല്‍ 105 സീറ്റ് വരെ ലഭിക്കുമെന്നും കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 91 മുതല്‍ 101 വരെയായി ചുരുങ്ങുമെന്നും സര്‍വേ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനായി വേണ്ട സീറ്റുകളുടെ എണ്ണം 101 ആണ്.
തലസ്ഥാനമായ ജയ്പൂര്‍, ദൗസ, അല്‍വാര്‍ എന്നീ ജില്ലകളടങ്ങുന്ന ദുന്ദാര് മേഖലയില്‍ ബിജെപിക്ക് 27 മുതല്‍ 29 സീറ്റ് വരെയും കോണ്‍ഗ്രസിന് 28 മുതല്‍ 30 വരെ സീറ്റും ലഭിക്കുമെന്നും സര്‍വേയിലുണ്ട്.
മാര്‍വാഡ് മേഖലയില്‍ ബിജെപിക്ക് 30 മുതല്‍ 32 വരെ സീറ്റും കോണ്‍ഗ്രസിന് 27 മുതല്‍ 29 സീറ്റ് വരെയും ലഭിച്ചേക്കും. ശേഖാവതി മേഖലയില്‍ കോണ്‍ഗ്രസിന് 9 മുതല്‍ 11 സീറ്റ് വരെയും ബിജെപിക്ക് 10 മുതല്‍ 12 സീറ്റ് വരെയും ലഭിക്കുമെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.