പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ്: കൂടുതൽ കോണ്ഗ്രസ് നേതാക്കൾ കുടുങ്ങും?
Thursday, September 28, 2023 4:53 PM IST
കൽപ്പറ്റ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് സിപിഎമ്മിനെ മുൾമുനയിൽ നിറുത്തിയിരിക്കെ പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് നേതാക്കൾക്കെതിരേ നടപടി കടുപ്പിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി).
പ്രാദേശിക കോണ്ഗ്രസ് നേതാവും വായ്പാ തട്ടിപ്പ് കേസിലെ ഇടനിലക്കാരനുമായ സജീവൻ കൊല്ലപ്പള്ളി ഇഡിയുടെ പിടിയിലാണുള്ളത്. ഈ കേസിൽ മുന്പ് വിജിലൻസ് അറസ്റ്റ് ചെയ്ത കെപിസിസി മുൻ ഭാരവാഹിയും മുൻ ബാങ്ക് പ്രസിഡന്റുമായ കെ.കെ.എബ്രഹാമിന്റെ വിശ്വസ്തനാണ് സജീവൻ കൊല്ലപ്പള്ളി.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് സജീവൻ ഇഡിയുടെ പിടിയിലായത്. സജീവനിൽ നിന്നു ലഭിക്കുന്ന മൊഴികൾ പ്രകാരം വയനാട്ടിലെ കൂടുതൽ കോണ്ഗ്രസ് നേതാക്കൾക്ക് ഇഡിയുടെ പിടി വീഴുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം അറസ്റ്റിലായ സജീവനെ ഇഡി കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികൾ.
തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ അനുവദിച്ച് കോടികൾ തട്ടിയെന്നാണ് കേസ്. മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ. എബ്രഹാമാണ് ഒന്നാം പ്രതി.