ദുരന്ത മേഖലയിൽ വ്യാപക മോഷണം; കർശന നടപടിയുമായി പോലീസ്
Sunday, August 4, 2024 6:02 PM IST
കൽപ്പറ്റ: ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും അടച്ചിട്ട വീടുകളിൽ വ്യാപക മോഷണം. സംഭവത്തിൽ കർശന നടപടിയുമായി പോലീസ്.
രാത്രികാലങ്ങളിൽ ഈ പ്രദേശങ്ങളിൽ പോലീസ് ക്യാന്പ് ചെയ്ത് പരിശോധന നടത്തും. ഇതിനായി മുണ്ടക്കൈയിൽ താത്കാലിക ടെന്റ് സ്ഥാപിക്കും.
അപകടം സംഭവിക്കാത്ത വീടുകളിൽ നിന്നടക്കം ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഈ വീടുകളുടെ വാതിലുകളും ജനലുകളും കുത്തിത്തുറന്നാണ് മോഷണം നടന്നത്.
വീട്ടുസാധനങ്ങൾക്കു പുറമെ സ്വർണവും പണവുമടക്കം അപഹരിക്കപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തകരുടെ ആയുധങ്ങളും മോഷ്ടിക്കപ്പെട്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്.