രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡി മരണം ഗുജറാത്തിലെന്ന് റിപ്പോര്‍ട്ട്
വെബ് ഡെസ്ക്
Friday, December 8, 2023 7:24 AM IST
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഗുജറാത്തിലാണെന്ന റിപ്പോര്‍ട്ടുമായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി 2022) റിപ്പോര്‍ട്ട്.
ഗുജറാത്ത് പോലീസിന്‍റെ കസ്റ്റഡിയില്‍ കഴിഞ്ഞ വര്‍ഷം 14 പേരാണ് മരിച്ചതെന്നും ഇക്കാലയളവില്‍ ഒരു കേസ് പോലും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗുജറാത്തിലുണ്ടായ കേസുകളില്‍ പത്തെണ്ണത്തില്‍ മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണവും നാലു കേസുകളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നുവെങ്കിലും ഇതില്‍ ഒരു കേസില്‍ പോലും കുറ്റപത്രം രജിസ്റ്റര്‍ ചെയ്യുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.
ഇവിടെയുണ്ടായ മരണങ്ങളില്‍ എട്ടെണ്ണം കസ്റ്റഡി മരണമാണെന്നും അഞ്ചെണ്ണം ചികിത്സയ്ക്കിടയില്‍ ഉണ്ടായതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരാള്‍ മരണപ്പെട്ടത് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുമ്പോഴായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
2020ല്‍ ഗുജറാത്തില്‍ 15 കസ്റ്റഡി മരണമാണ് ഉണ്ടായതെങ്കില്‍ 2021ല്‍ ഇത് 23 ആയി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഐപിസി നിയമപ്രകാരമുള്ള ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കേരളത്തിലാണെന്നും എന്നാല്‍ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടന്നത് കേരളത്തിലാണ് എന്ന് ഇത് അര്‍ഥമാക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.