"ഇങ്ങനെയൊരാള്‍ രക്തവും മാംസവുമായി ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന് വരുംതലമുറകള്‍ വിശ്വസിക്കുമോയെന്ന് സംശയിക്കുന്നു'
Monday, October 2, 2023 10:27 AM IST
കോട്ടയം: മോഹന്‍ദാസ് കരംചന്ദ് ഗാന്ധി; ലോകത്തിലെ ഏറ്റവും വലിയ വിസ്മയത്തിന്റെ പേരാണത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അഹിംസാ മാര്‍ഗത്താല്‍ കീഴടക്കിയ നേതാവ്.
ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച അദ്ദേഹത്തിന്റെ 154-ാം ജന്മവാര്‍ഷികമാണിന്ന്. ഒക്ടോബര്‍ രണ്ട് നാം ഭാരതീയര്‍ ഗാന്ധി ജയന്തിയായി ആഘോഷിക്കുന്നു. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.
1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധി ജനിക്കുന്നത്. ബ്രിട്ടനില്‍നിന്ന് നിയമത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായും സാമൂഹ്യപ്രവര്‍ത്തകനായും സേവനമനുഷ്ഠിച്ചു.
1915ല്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. ജാതി-മത-വര്‍ഗ-വര്‍ണ-ലിംഗ ഭേദങ്ങളാല്‍ അകന്നുനിന്ന ഒരു വലിയ കൂട്ടത്തെ ഒരൊറ്റ ജനതയാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സത്യം, സമാധാനം, സഹിഷ്ണുത, സാമൂഹിക നീതി എന്നിവയുടെ പ്രത്യയശാസ്ത്രത്തില്‍ അദ്ദേഹം ആ ജനതയെ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചുഎന്നത് ഇന്നും വിസ്മയമാണ്.
നിസഹകരണ പ്രസ്ഥാനം, ഉപ്പു സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിങ്ങനെ ചരിത്ര പ്രസിദ്ധമായ സമരങ്ങളിലൂടെയാണ് അദ്ദേഹം രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. 1931ലെ ദണ്ഡിയാത്ര സ്വാതന്ത്ര്യസമരചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണ്.
"ഇങ്ങനെയൊരാള്‍ രക്തവും മാംസവുമായി ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന് വരും തലമുറകള്‍ വിശ്വസിക്കുമോയെന്ന് ഞാന്‍ സംശയിക്കുന്നു' എന്നാണ് ഗാന്ധിയെ കുറിച്ച് ഐന്സ്റ്റീന് പറഞ്ഞത്.
1948 ജനുവരി 30ന്, രാജ്യം സ്വാതന്ത്ര്യംനേടി അഞ്ചുമാസത്തിന് ശേഷം നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റാണ് ഗാന്ധി മരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളും വാക്കുകളും മരണമില്ലാതെ അതേ തെളിമയോടെ ഇന്നും നിലനില്ക്കുന്നു.
ലോകം ഇന്ന് യുദ്ധഭീഷണിയുടെ കാലത്താണല്ലൊ. റഷ്യയും യുക്രെയിനും, ഉത്തര കൊറിയയും, ദക്ഷിണ കൊറിയയും ഒക്കെ ആ ഭീതിക്ക് ആക്കം കൂട്ടുന്നുണ്ട്. ഈ ഘട്ടത്തിൽ "സമാധാനത്തിലേക്ക് ഒരു പാതയില്ല, സമാധാനമാണ് പാത' എന്ന അഹിംസയുടെ ആ പ്രവാചകന്റെ വാക്കുകള്‍ ഏറെ പ്രസക്തമാകുന്നു...