ഒഡീഷ ട്രെയിന് അപകടസ്ഥലം മമത ബാനര്ജി സന്ദര്ശിച്ചു
Saturday, June 3, 2023 4:10 PM IST
ഭുവനേശ്വര്: ട്രെയിന് ദുരന്തം നടന്ന ബാലസോര് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി സന്ദര്ശിച്ചു. സ്ഥിതിഗതികള് വിലയിരുത്തിയ ശേഷം പരിക്കേറ്റവരേയും അവര് കണ്ടു.
ട്രെയിന് അപകടത്തില് മരിച്ചവരില് ചിലര് ബംഗാളില് നിന്നുള്ളവരാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനാല് സംഭവസ്ഥലം നേരിട്ട് സന്ദര്ശിക്കാന് മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.
മമതയുടെ നിര്ദേശപ്രകാരം, 25 ആംബുലന്സുകളും രണ്ട് ശവവാഹിനികളുമടങ്ങുന്ന 12 അംഗ മെഡിക്കല് സംഘം ഇതിനകം പശ്ചിമ ബംഗാളില് നിന്നും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
പശ്ചിമ ബംഗാളില് നിന്നുള്ള ആറംഗ പ്രതിനിധി സംഘം സംസ്ഥാന മന്ത്രി മനസ് രഞ്ജന് ഭൂനിയയുടെയും പാര്ട്ടി എംപി ഡോല സെന്നിന്റെയും നേതൃത്വത്തില് വെള്ളിയാഴ്ച രാത്രിതന്നെ അപകടസ്ഥലത്ത് എത്തിയിരുന്നു.
പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും സംസ്ഥാന സര്ക്കാരുകള് സംയുക്തമായാണ് രക്ഷാപ്രവര്ത്തനം നടത്തുന്നതെന്ന് സെന് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 7.20നാണ് ഒഡീഷയിലെ ബാലസോറിലെ ബഹനാഗ റെയില്വേ സ്റ്റേഷന് സമീപം ട്രെയിനപകടമുണ്ടായത്. ചെന്നൈയിലേക്കുള്ള കോറാമണ്ഡല് എക്സ്പ്രസ്, യശ്വന്ത്പുര് - ഹൗറ എക്സ്പ്രസ് എന്നീ യാത്രാ ട്രെയിനുകളും ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്പെട്ടത്.
അപകടത്തിൽ മരണം 280 കടന്നു. ആയിരത്തോളം പേര്ക്ക് പരിക്കേറ്റു.