താന്‍ ഉദ്ദേശിച്ചത് വന്‍കിടക്കാരുടെ കെെയേറ്റം; വിശദീകരണവുമായി കെ.കെ. ശിവരാമന്
Monday, October 2, 2023 3:49 PM IST
ഇടുക്കി: ഇടുക്കിയിലെ കെെയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക് പോസ്റ്റില്‍ വിശദീകരണവുമായി സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ. കെ. ശിവരാമന്. തന്റെ കുറിപ്പ് ഏതെങ്കിലും ഒരു വ്യക്തിക്കെതിരേ അല്ല.
വന്‍കിടക്കാരുടെ കെെയേറ്റം ഒഴിപ്പിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ശിവരാമന് പറഞ്ഞു. വന്‍കിടക്കാരെ ഒഴിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും അതുതന്നെയാണ് താന്‍ ഫേയ്സ്ബുക് പോസ്റ്റില്‍ ഉദ്ദേശിച്ചത്. അഞ്ചു സെന്റ് വരെയുള്ള സാധാരണക്കാരുടെ ഭൂമി പിടിച്ചെടുക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അപ്പോള്‍ നോക്കാമെന്നും ശിവരാമന് പറഞ്ഞു.
നേരത്തെ, ജില്ലയിലെ കൈയേറ്റ മാഫിയയെ തളയ്ക്കണമെന്നും കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുമെന്ന് ശിവരാമന് ഫേസ്ബുക്കില്‍ കുറിച്ചത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.
ഇടുക്കിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതില്‍ എം.എം. മണിയടക്കമുള്ള സിപിഎം നേതാക്കളുടെ വിമര്‍ശനത്തിന് മറുപടിയായാണ് ശിവരാമന്റെ ഫേസ്ബുക് പോസ്റ്റ് വിലയിരുത്തപ്പെട്ടത്. നിയമവിരുദ്ധമായി ദൗത്യസംഘം പെരുമാറിയാല്‍ അവരെ തുരത്തുമെന്നായിരുന്നു മണിയുടെ പരാമര്‍ശം.
ഇതോടെ ഇടുക്കിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ഭിന്നതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി ശിവരാമന് എത്തിയത്.