കാൺപുരിലെ ട്രെയിൻ അട്ടിമറി ശ്രമം: കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്ന് മായാവതി
Tuesday, September 10, 2024 6:20 AM IST
കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിലെ ട്രെയിൻ അട്ടിമറി ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. അപകടം ഒഴിവാക്കാൻ സമയോചിതമായി ഇടപെട്ട ലോക്കോപൈലറ്റിനെയും അവർ അഭിനന്ദിച്ചു.
കാൺപുരിൽ റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടർ കുറുകെയിട്ട് അപകടമുണ്ടാക്കാനുള്ള ശ്രമമാണ് കാളിന്ദി എക്സ്പ്രസ് ട്രെയിനിലെ ലോക്കോപൈലറ്റ് പരാജയപ്പെടുത്തിയത്. ട്രെയിൻ സിലിണ്ടറിലിടിച്ചെങ്കിലും ബോഗികൾ പാളം തെറ്റിയില്ല.
ഞായറാഴ്ച രാത്രി 8.30ന് ശിവരാജ്പുരിൽ ബാരജ്പുരിനും ബിൽഹൗറിനുമിടയിലായിരുന്നു സംഭവം. കാൺപുരിലെ അൻവർഗഞ്ചിൽനിന്നു ഭീവണ്ടിയിലേക്കുപോവുകയായിരുന്നു ട്രെയിൻ.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നാലെയെത്തിയ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഐജി നീലഭ്ഝാ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം പാളത്തിനു സമീപം സ്ഫോടകവസ്തുക്കൾ നിറച്ച ബോക്സും പെട്രോൾ നിറച്ച കുപ്പിയും ബാഗും കണ്ടെത്തി.