വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ കണ്ടത് ബിജെപിയുടെ തരംതാണ രാഷ്ട്രീയംകളി: കെ.മുരളീധരന്
Monday, September 25, 2023 1:01 PM IST
തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ കണ്ടത് ബിജെപിയുടെ തരംതാണ രാഷ്ട്രീയംകളിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകയുമായി ട്രെയിനില്‍ കയറിയതും മുദ്രാവാക്യം വിളിച്ചതും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇക്കാര്യത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ നിസഹായരാണ്. തങ്ങള്‍ പ്രതിഷേധിക്കാത്തത് അതിന്റെ പേരില്‍ കേരളത്തിന് കിട്ടേണ്ട ട്രെയിന്‍ ഒന്നും മുടങ്ങേണ്ടെന്ന് കരുതിയാണ്. അതൊരു ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
വി.മുരളീധരന് വേണ്ടി പത്തു മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേഭാരത് നിര്‍ത്തി. ബിജെപി ഓഫീസിലിരുന്ന് തെരഞ്ഞെടുപ്പ് ജാഥ നയിക്കുന്നതുപോലെയാണ് മുരളീധരന്റെ വന്ദേഭാരതിലെ യാത്ര. മുരളീധരന് ഇല്ലാത്ത പത്രാസ് കാണിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മര്‍ദം കൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നല്‍കിയത് കൊണ്ട് കൂടിയാണ് അനുവദിച്ചത്. ഉദ്ഘാടന യാത്ര പക്ഷേ ബിജെപി യാത്രപോലെയായിരുന്നെന്നും അദ്ദേഹം വിമർശിച്ചു.