ബിബിസി ഡോക്യുമെന്ററി പ്രദർശനം: "ഫ്യൂസ് ഊരി' ജെഎൻയു
Tuesday, January 24, 2023 10:58 PM IST
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന "ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടയാനായി ഡൽഹി ജവർഹലാൽ നെഹ്റു സർവകലാശാല അധികൃതർ ക്യാന്പസിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ക്യാമ്പസിനെ ഇരുട്ടിലാക്കി ഡോക്യുമെന്ററി പ്രദർശനം തടഞ്ഞതിനെതിരെ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചു.
രാത്രി ഒമ്പതിന് ക്യാമ്പസിലെ കമ്യൂണിറ്റി സെന്ററിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നാണ് കോളജ് യൂണിയൻ അറിയിച്ചിരുന്നത്. എന്നാൽ ഇതിന് മുന്പായി അധികൃതർ മേഖലയിലെ വൈദ്യുതി വിച്ഛേദിച്ചു. ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഡോക്യുമെന്ററി പ്രദർശനത്തിന് അധികൃതർ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
വൈദ്യുതി ലഭ്യമാകാതിരുന്നതോടെ ജനറേറ്റർ ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ തേടുമെന്ന് വിദ്യാർഥികൾ അറിയിച്ചു. പ്രദർശനം തടസപ്പെടില്ലെന്നും എന്ത് സംഭവിച്ചാലും ഡോക്യുമെന്ററി ക്യാമ്പസിൽ കാണിക്കുമെന്നും വിദ്യാർഥി നേതാവ് ഐഷി ഘോഷ് അറിയിച്ചു.
ക്യാന്പസിൽ മഫ്തി പോലീസിനെ വിന്യസിക്കുന്നതടക്കം വിപുലമായ സുരക്ഷാ മുന്നൊരുക്കങ്ങൾ അധികൃതർ നടത്തിയിരുന്നു.