ലൈംഗികാതിക്രമക്കേസുകള്‍: അതിജീവിതയുടെ ക്ഷേമത്തിനാണ് പ്രാധാന്യമെന്ന് ഹൈക്കോടതി
Friday, May 26, 2023 10:48 PM IST
കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമക്കേസുകള്‍ കോടതിക്കു പുറത്തുള്ള ഒത്തു തീര്‍പ്പിനെത്തുടര്‍ന്ന് റദ്ദാക്കാനാവുമോയെന്ന കാര്യത്തില്‍ അതിജീവിതയുടെ ക്ഷേമത്തിനാണ് പരമപ്രാധാന്യമെന്ന് ഹൈക്കോടതി. ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള 46 ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിച്ചാണ് ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസുകള്‍, കുട്ടികളെ ഉറ്റബന്ധുക്കള്‍ പീഡിപ്പിച്ച കേസുകള്‍, പ്രണയത്തെ തുടര്‍ന്ന് കൗമാരക്കാര്‍ തമ്മിലുള്ള ശാരീരിക ബന്ധം തുടങ്ങിയ കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. ഇത്തരം കേസുകളില്‍ തീരുമാനമെടുക്കാന്‍ പൊതുമാനദണ്ഡമുണ്ടാക്കാനാവില്ലെന്ന് പറഞ്ഞ ഹൈക്കോടതി ഓരോകേസിലും വസ്തുത പരിഗണിച്ചു തീരുമാനമെടുക്കണമെന്നു വ്യക്തമാക്കി.
അതിജീവിതയുടെ ക്ഷേമം, കുറ്റകൃത്യത്തിന്റെ സ്വഭാവം, വ്യാപ്തി, അനന്തരഫലങ്ങള്‍, ഒത്തുതീര്‍പ്പിലെത്താനുള്ള സാഹചര്യം എന്നിവ കണക്കിലെടുക്കണം. എന്നാല്‍ ഗുരുതരവും ഹീനവും ഭയാനകവുമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഇത്തരത്തിലുള്ള പരിഗണനയര്ഹിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.