ആലപ്പുഴയില്‍ ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയത് മദ്യലഹരിയില്‍
Thursday, June 8, 2023 12:03 PM IST
ആലപ്പുഴ: മാവേലിക്കര പുന്നമ്മൂട്ടില്‍ ആറു വയസുകാരിയെ പിതാവ് മഴുകൊണ്ടു വെട്ടിക്കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്ന് പോലീസ്. പുനര്‍വിവാഹം നടക്കാത്തതിനാല്‍ ഇയാള്‍ നിരാശനായിരുന്നു.
എന്നാല്‍ കുട്ടിയെ കൊലപ്പെടുത്താനുണ്ടായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ ഇയാളുടെ അമ്മ സുനന്ദ അപകടനില തരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടാണ് പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെ പിതാവ് മഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്തു മഹേഷിന്‍റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വീടിന്‍റെ വരാന്തയില്‍ സോഫയില്‍ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്.
ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയേയും മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കും തലയ്ക്കും വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ഇയാള്‍ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നു വര്‍ഷം മുന്പ് ജീവനൊടുക്കിയിരുന്നു.
പുനര്‍വിവാഹത്തിനായി ശ്രമിച്ചിരുന്ന മഹേഷിന്‍റെ വിവാഹം ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാല്‍, അടുത്തിടെ മഹേഷിന്‍റെ സ്വഭാവത്തിലെ പോരായ്മകള്‍ അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍നിന്നു പിന്മാറുകയായിരുന്നു.