62,476 കോടി രൂപ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തുവെന്ന് ഇഡിയുടെ കുറ്റപത്രം; "വിയർത്ത്' വിവോ ഇന്ത്യ
വെബ് ഡെസ്ക്
Saturday, December 9, 2023 5:34 AM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ ഇന്ത്യയ്ക്കെതിരെ ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൂടി ഉടൻ പുറത്ത് വന്നേക്കും.
കന്പനിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ലാവ ഇന്റർനാഷണൽ മൊബൈൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഹരി ഓം റായിയടക്കം നാലുപേർ നേരത്തെ അറസ്റ്റിലായിരുന്നു.
ചാർട്ടേഡ് അക്കൗണ്ടന്റുമാരായ നിതിൻ ഗാർഗ്, രാജൻ മാലിക്, ചൈനീസ് പൗരനായ ഗ്വാങ്വെൻ എന്ന ആൻഡ്രൂ കുവാങ് എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ. വിവോ കന്പനിയുമായി 2014 മുതൽ ഒരു ബന്ധവുമില്ലെന്നാണ് ഹരി ഓം റായ് കോടതിയിൽ പറഞ്ഞത്.
ഇവർക്ക് പുറമേ വിവോ ഇന്ത്യയേയും കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് ഇഡി അധികൃതർ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തിന് ദോഷകരമാകുന്ന തരത്തിൽ വിവോ ഇന്ത്യയെ പ്രതികൾ സഹായിച്ചെന്ന് ഇഡി കുറ്റപത്രത്തിൽ പറയുന്നു. ഇന്ത്യയിൽ നികുതി അടയ്ക്കാതിരിക്കാൻ വിവോ-ഇന്ത്യ ചൈനയിലേക്ക് 62,476 കോടി രൂപ "നിയമവിരുദ്ധമായി" കൈമാറ്റം ചെയ്തുവെന്നാണ് ഇഡിയുടെ ആരോപണം.
കേസുമായി ബന്ധപ്പെട്ട് 2022ൽ വിവോ മൊബൈൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗ്രാൻഡ് പ്രോസ്പെക്റ്റ് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങൾക്കുമെതിരെ ഇഡി വിവിധ ഭാഗങ്ങളിലായി തിരച്ചിൽ നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട 23 കന്പനികളുടെ ഓഫീസുകളിലാണ് അധികൃതർ തിരച്ചിൽ നടത്തിയത്.